21 August 2017, Monday

വൈപ്പിൻ

സ്ഥാനാർത്ഥി

ഇന്ത്യയുടെ പ്രശസ്തി വാനോളമുയര്‍ത്തുന്ന വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, കായലും കടലും പുഴയും അതിരുകള്‍, ദ്വീപസമൂഹങ്ങളുടെ സാന്നിധ്യം, സുന്ദരമായ ടൂറിസം കേന്ദ്രങ്ങള്‍, ചെമ്മീന്‍കെട്ടുകള്‍, പൊക്കാളിപ്പാടങ്ങള്‍.... വൈപ്പിന്‍ മണ്ഡലത്തിന്റെ പ്രാധാന്യം ഇതൊക്കെ.

പഴയ ഞാറക്കല്‍മണ്ഡലം പുതിയ പേരില്‍ വൈപ്പിനായി മാറുമ്പോള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് മുളവുകാട് പഞ്ചായത്തുമാത്രം. ഇതു കൂടാതെ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കല്‍, എളംകുന്നപ്പുഴ, കടമക്കുടി പഞ്ചായത്തുകളാണ് വൈപ്പിന്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. പള്ളിപ്പുറം, നായരമ്പലം, കടമക്കുടി, മുളവുകാട് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നു. ഇക്കുറി 1,45,892 വോട്ടര്‍മാരുണ്ട്. പുതുമുഖങ്ങള്‍- 7,475.
ജനവിധി നിര്‍ണയിക്കുന്നവരില്‍ ഭൂരിഭാഗവും കായല്‍-കടല്‍ മത്സ്യത്തൊഴിലാളികള്‍. പടിഞ്ഞാറ് അറബിക്കടല്‍, തെക്ക് ഫോര്‍ട്ട്വൈപ്പിന്‍, വടക്ക് മുനമ്പം അഴിമുഖം... ഇങ്ങനെപോകുന്നു വൈപ്പിന്റെ അതിരുകള്‍.

എറണാകുളത്തുനിന്ന് ആദ്യ ഗോശ്രീപാലം കടന്നുചെല്ലുന്നത് വൈപ്പിന്‍ മണ്ഡലത്തിലേക്കാണ്. അവിടെ തുടങ്ങുന്നു മുളവുകാട് പഞ്ചായത്ത്. രണ്ടാം പാലം ഇറങ്ങുമ്പോള്‍ ദക്ഷിണേഷ്യയിലെ പ്രധാന കണ്ടെയ്നര്‍ സ്റ്റേഷനാകാന്‍ തയ്യാറെടുക്കുന്ന വല്ലാര്‍പാടം. മൂന്നാം പാലം കടന്നെത്തുമ്പോള്‍ വൈപ്പിന്‍കരയായി. പുതുവൈപ്പ് എല്‍എന്‍ഡി, ഐഒസിയുടെ പ്രകൃതിവാതക സംഭരണകേന്ദ്രം, റിഫൈനറിയുടെ എസ്ബിഎം, ഫിഷറീസ് വകുപ്പിന്റെ ഓഷനേറിയം എന്നിവ വികസനത്തിന്റെ പുത്തന്‍സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്നു.

ഈ മണ്ഡലത്തിലെ കുടിവെള്ളക്ഷാമം ഇന്ന് ഏറെക്കുറെ പരിഹരിക്കപ്പെട്ടു. കോടിക്കണക്കിനു രൂപ ഇതിനകം ചെലവഴിക്കപ്പെട്ടു. പദ്ധതികള്‍ പുരോഗമിക്കുകയാണ്. മുരിക്കുംപാടം, മാലിപ്പുറം, ഞാറക്കല്‍ എന്നിവിടങ്ങളില്‍ ഓവര്‍ഹെഡ് ടാങ്കുകള്‍, എടവനക്കാട് അണിയലിലെ മറ്റൊരു ടാങ്ക് എന്നിവ നിര്‍മാണത്തിലാണ്. വൈപ്പിന്‍മുതല്‍ നായരമ്പലംവരെയുള്ള പൈപ്പ്ലൈന്‍ മാറ്റിസ്ഥാപിക്കല്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് സ്ഥലം എംഎല്‍എ എം കെ പുരുഷോത്തമന്‍ പറഞ്ഞു.

വൈപ്പിനിലെ എട്ടു പാലങ്ങളുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനങ്ങളില്‍ തുടരുന്നു. മത്സ്യത്തൊഴിലാളികള്‍ കൂടുതലുള്ളതുകൊണ്ടുതന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ക്ക് ഇവിടെ ഗുണഭോക്താക്കള്‍ ഏറെ. അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ ഇതെല്ലാം ചര്‍ച്ചയാകുമെന്നതു തീര്‍ച്ച.

Malayalam
ജില്ല: