18 March 2019, Monday

ഹരിപ്പാട്

സ്ഥാനാർത്ഥി

വിശ്വസ്തനും സിറ്റിങ് എംഎല്‍എയുമായ ബാബുപ്രസാദിനെ 'കരയ്ക്കിരുത്തി'യാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഹരിപ്പാട്ട് പോരാട്ടത്തിനിറങ്ങുന്നത്. ഇതിന്റെ ലക്ഷ്യമെന്തെന്നത് പരസ്യമായ രഹസ്യവും. നേതൃപദവിയെന്ന ഉമ്മന്‍ചാണ്ടിയുടെ സ്വപ്നം അട്ടിമറിക്കാനുള്ള നീക്കം മണ്ഡലത്തില്‍ മോശമല്ലാത്ത പ്രാതിനിധ്യമുള്ള ഓര്‍ത്തഡോക്സ് വിഭാഗം കരുതലോടെയാണ് വീക്ഷിക്കുന്നത്.

എതിരാളിയെ മടയില്‍ ചെന്ന് നേരിടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി കൃഷ്ണപ്രസാദിന് അതിനുപോന്ന ചങ്കുറപ്പുമുണ്ട്. യുവത്വത്തിന്റെ പ്രസരിപ്പും വിദ്യാര്‍ഥി-യുവജന പ്രക്ഷോഭങ്ങളുടെ നായകനായിരുന്നതിന്റെ അനുഭവശേഷിയും കൈമുതലാക്കിയാണ് മുപ്പത്തിനാലുകാരന്‍ കൃഷ്ണപ്രസാദ് ഹരിപ്പാട്ട് എത്തിയിരിക്കുന്നത്.

കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കയര്‍, മത്സ്യ, കശുവണ്ടിത്തൊഴിലാളികളും ഭൂരിപക്ഷമുള്ള ഹരിപ്പാട് മണ്ഡലത്തില്‍ വി എസ് സര്‍ക്കാരിന്റെ ക്ഷേമ-വികസന പദ്ധതികള്‍ മുന്‍നിര്‍ത്തിതന്നെയാണ് എല്‍ഡിഎഫ് വോട്ടു തേടുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷം സമീപമണ്ഡലങ്ങള്‍ കൈവരിച്ച വികസനനേട്ടങ്ങള്‍ ഹരിപ്പാടിനു നഷ്ടമാക്കിയത് കോണ്‍ഗ്രസിലെ സിറ്റിങ് എംഎല്‍എയുടെ പിടിപ്പുകേടാണെന്നത് യുഡിഎഫിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പ്രകൃതിദുരന്തങ്ങള്‍ മൂലം കൃഷിനശിച്ച അപ്പര്‍കുട്ടനാട്ടിലെ കൃഷിക്കാരെ സഹായിക്കാനും ബാബുപ്രസാദ് ഉണ്ടായിരുന്നില്ല. ഗ്രാമീണമേഖലയിലെ കുടിവെള്ള പ്രശ്നവും റോഡുകളുടെ ശോച്യാവസ്ഥയും എല്ലാം വോട്ടര്‍മാര്‍ നിരത്തുന്നു.

കരുണാകരന്‍ മന്ത്രിസഭയില്‍ കുറച്ചുനാള്‍ ഗ്രാമവികസനമന്ത്രിയായിരുന്ന ചെന്നിത്തല മണ്ഡലം ഉപേക്ഷിച്ച് പാര്‍ലമെന്റിലേക്ക് പോയ ചെന്നിത്തല ഇത്തവണ വീണ്ടുമെത്തുകയാണ്. വികസനമുരടിപ്പിന്റെ പ്രധാന കാരണം കോണ്‍ഗ്രസാണെന്ന ദുഷ്പേര് ചെന്നിത്തലയെ പിടികൂടും.

കഴിഞ്ഞ 14 തെരഞ്ഞെടുപ്പില്‍ ഇരുമുന്നണിയും ഏഴു തവണ വീതം ജയിച്ചു. 1957ല്‍ സ്വതന്ത്രനായി മത്സരിച്ച വി രാമകൃഷ്ണപിള്ളയിലൂടെ കമ്യൂണിസ്റ് പാര്‍ടിക്കായിരുന്നു കന്നിവിജയം. '60ല്‍ കോണ്‍ഗ്രസിന്റെ എന്‍ എസ് കൃഷ്ണപിള്ളയും '65ല്‍ കെ പി രാമകൃഷ്ണന്‍നായരും ജയിച്ചു. '67ല്‍ സി ബി സി വാര്യരിലൂടെ സിപിഐ എം മണ്ഡലം തിരിച്ചുപിടിച്ചു. '70ല്‍ സി ബി സി ജയം ആവര്‍ത്തിച്ചു. '77ല്‍ പിഎസ്പിയുടെ ജി പി മംഗലത്തുമഠം ജയിച്ചു. '80ല്‍ വീണ്ടും സി ബി സി മണ്ഡലം തിരിച്ചുപിടിച്ചു. '82ലും '87ലും രമേശ് ചെന്നിത്തലയാണ് വിജയിച്ചത്. '89ല്‍ ചെന്നിത്തല ലോക്സഭാംഗമായി. തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രൊഫ. എ വി താമരാക്ഷനിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. '91ല്‍ കോണ്‍ഗ്രസിലെ കെ കെ ശ്രീനിവാസന്‍ ജയിച്ചു. '96ല്‍ താമരാക്ഷനും 2001ല്‍ ടി കെ ദേവകുമാറുമാണ് വിജയിച്ചത്. 2006ല്‍ കോണ്‍ഗ്രസിലെ ഡി ബാബുപ്രസാദിനായിരുന്നു ജയം.

കായംകുളം മണ്ഡലത്തിലായിരുന്ന മുതുകുളം കൂടി ചേര്‍ന്നതോടെ മണ്ഡലത്തില്‍ 11 പഞ്ചായത്തായി. അഞ്ചു പഞ്ചായത്തില്‍ ഭരണം എല്‍ഡിഎഫിനാണ്.
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായ കൃഷ്ണപ്രസാദിന്റെ രണ്ടാം അങ്കമാണ് ഇത്. 2009ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിച്ചു. സിപിഐ ആലപ്പുഴ ജില്ലാ കൌണ്‍സില്‍ അംഗമാണ്.

Malayalam
ജില്ല: