14 March 2019, Thursday

നവോത്ഥാന പാരമ്പര്യത്തെ വീണ്ടെടുക്കണം: എം എ ബേബി

ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിൽ കേരളത്തിലെ ഉറപ്പായ ഇടതുപക്ഷവിജയത്തിന്റെ പ്രസക്തിയും ദേശീയ പ്രാധാന്യവും എന്തെന്നു വിശദീകരിക്കയാണ്, സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗം സ. എം എ ബേബി. തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്ന വിഷയങ്ങൾ, താൻ ഉൾപ്പെട്ട മുൻ എൽഡിഎഫ് സർക്കാരിന്റെ അനുഭവങ്ങൾ, നിലവിലെ യുഡിഎഫ് സർക്കാരുമായുള്ള താരതമ്യം, പ്രതിപക്ഷം എന്ന നിലയിലെ എൽഡിഎഫിന്റെ പ്രവർത്തനം, കേരളവികസനം സംബന്ധിച്ച കാഴ്ചപ്പാട്, തുടങ്ങി വിവിധവിഷയങ്ങളിൽ അദ്ദേഹത്തിന്റെ വിശദമായ പ്രതികരണങ്ങൾ തുടർന്നു വായിക്കാം. 

നിലവിലെ ദേശീയ പശ്ചാത്തലത്തില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് എങ്ങനെയാണ് പ്രസക്തമാകുന്നത്?

അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യത്തിലൂടെയാണ് ഭാരതത്തിലെ ജനങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ കേന്ദ്രത്തിൽ അധികാരമേറിയതിനു ശേഷം ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച മട്ടിലാണ് ഓരോ ഇടപെടലും നടത്തിയത്. രണ്ടര പതിറ്റാണ്ടിലേറെ പ്രായമുള്ള മുതലാളിത്ത നയങ്ങളുടെ സ്വാഭാവിക ഉത്പന്നവും കോൺഗ്രസ്സ് ദുർഭരണത്തിൻ കീഴിൽ അതിരൂക്ഷമായതുമായ ദുരിത ജീവിതത്തിൽ നിന്നും രാജ്യത്തെ ജനങ്ങൾക്ക് ചെറിയൊരു ആശ്വാസം പോലും പകരാൻ സാധിച്ചില്ല എന്ന് മാത്രമല്ല അവ കൂടുതൽ തീവ്രമായി തുടരുക കൂടിയാണ്. ഇതിനൊപ്പം കടുത്ത വർഗീയ അജണ്ടകൾ കൂടി പ്രയോഗിക്കുന്നത് ജനവിരുദ്ധ നയങ്ങൾക്കെതിരെ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ജനകീയ ചെറുത്തുനിൽപ്പുകളിൽ ഒന്നിച്ച് അണിനിരക്കുന്നതിൽ നിന്നും ബഹുജനങ്ങളെ വിഘടിപ്പിക്കുവാനുള്ള തന്ത്രമാണ്. അതോടൊപ്പം ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തിന് അതിന്റെ എല്ലാ ആസുരഭാവത്തോടെയും കൂടി അഴിഞ്ഞാടാനുള്ള അവസരവും ഒരുക്കിക്കൊടുക്കുന്നു.

സംഘപരിവാറിന്റെ തിട്ടൂരമനുസരിച്ച് മാത്രം കഴിക്കേണ്ട ഭക്ഷണവും, ധരിക്കേണ്ട വസ്ത്രവും, പറയേണ്ട അഭിപ്രായവുമെല്ലാം തിരഞ്ഞെടുക്കേണ്ട അവസ്ഥ തീർച്ചയായും ജനാധിപത്യത്തെയല്ല പ്രതിനിധാനം ചെയ്യുന്നത്. കന്നുകാലി കച്ചവടക്കാരെപോലും കൊന്ന് കെട്ടിത്തൂക്കുന്ന, അഭിപ്രായ വ്യത്യാസങ്ങൾ രേഖപ്പെടുത്തുന്നവരെ രാജ്യദ്രോഹികളാക്കി വേട്ടയാടുന്ന, ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊല്ലുന്ന, ഭീതിതമായ അന്തരീക്ഷത്തിന്റെ സ്പോൺസർമാർ രാജ്യം ഭരിക്കുന്നവർ തന്നെയാണ്. ഒരു ചെറിയ എതിർശബ്ദത്തെ പോലും കടുത്ത അസഹിഷ്ണുതയോടെ കൈകാര്യം ചെയ്യുന്ന കേന്ദ്ര സർക്കാരും സംഘപരിവാര അക്രമിസംഘവും ഫാസിസത്തിന്റെ കടന്നുവരവിനുള്ള എല്ലാ സാഹചര്യവും ഒരുക്കുകയാണ്. കൽബുർഗിയും, പൻസാരെയും, ധാബോൽക്കറുമെല്ലാം വെടിയേറ്റു കൊല്ലപ്പെട്ടതും ജെ എൻ യു വും ഹൈദരാബാദ് സർവകലാശാലയുമെല്ലാം ആക്രമണത്തിന്റെ ലക്ഷ്യമാകുന്നതും, രോഹിത് വെമുലയെന്ന ദളിത് ഗവേഷകന്റെ കൊലപാതക തുല്യമായ ആത്മഹത്യയും സൂചിപ്പിക്കുന്നത് രാജ്യം കൂടുതൽ അപകടകരമായ നാളുകളിലേക്കാണ് അടുക്കുന്നത് എന്ന് തന്നെയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളെ തന്നെയാണ് രാജ്യമെമ്പാടും അട്ടിമറിക്കുന്നത്.

സംഘപരിവാരം ആഹ്വാനം ചെയ്യുന്ന ബ്രാഹ്മണ്യത്തിന്റെ സാമൂഹ്യക്രമം അടിമരാജ്യം തന്നെയാണ്. കർഷകരെയും തൊഴിലാളികളെയും വിദ്യാർഥികളെയും ഉൾപ്പടെ എല്ലാ വിഭാഗം ജനങ്ങളെയും ദുരിതത്തിലാക്കുകയും അതിസമ്പന്നരെ ആശ്ലേഷിക്കുകയും ചെയ്യുന്ന ഭരണക്കാരിൽ നിന്നും ഇന്നാട്ടിലെ ജനങ്ങൾക്ക് അനുകൂലമായതൊന്നും പ്രതീക്ഷിക്കാനില്ല. അധികാരത്തിലിരുന്നു കൊണ്ട് സംഘപരിവാരം നടത്തുന്ന വിധ്വംസകപ്രവർത്തനങ്ങളെയും രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഏകാധിപത്യ പ്രവണതകളെയും ചെറുക്കാനുള്ള ഓരോ സാധ്യതയെയും ജനാധിപത്യ വിശ്വാസികൾ പ്രതീക്ഷയോടെ സമീപിക്കുകയാണ്. അത് തന്നെയാണ് ഈ തിരഞ്ഞെടുപ്പിന്റെ ദേശീയ പ്രാധാന്യം. ഇടതുപക്ഷമാണ് ഇവിടെ ആ പ്രതീക്ഷയുടെ കേന്ദ്രം.

ഏതെല്ലാം അനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് കേരളത്തിലെ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്?

ഉമ്മൻ ചാണ്ടിയും കൂട്ടരും കേരളത്തിലെ ജനങ്ങളുടെ അഞ്ച് വർഷങ്ങൾ നഷ്ടപ്പെടുത്തി എന്നു മാത്രമല്ല ഈ നാടിന്റെയാകെ മുന്നേറ്റത്തെ വർഷങ്ങൾ പിറകോട്ട് തള്ളിയിട്ടിരിക്കുകയാണ്. സകലവിഭാഗം ജനങ്ങളെയും പ്രതികൂലമായി ബാധിച്ച ഭരണമായിരുന്നു യു ഡി എഫ് ഗവൺമെന്റിന്റേത്. നവജാത ശിശുക്കൾ മുതൽ വയോജനങ്ങൾ വരെ ദുർഭരണത്തിന്റ കെടുതികൾ ഏറ്റുവാങ്ങി. കേരളമിന്നേവരെ കേട്ടിട്ടില്ലാത്തവിധം ദുഷിച്ച അഴിമതിയുടെ കഥകൾക്കപ്പുറം പ്രതീക്ഷയ്ക്ക് വകയുള്ള ഒന്നും നമുക്ക് കേൾക്കാനുണ്ടായിരുന്നില്ല. കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കാൻ പരസ്പരം മത്സരിക്കുന്ന മന്ത്രിമാരെയാണ് നാം കണ്ടത്.

ഹിമാലയൻ വിലവർദ്ധനവിലൂടെ വിപണി കടന്നുപോയി. പൊതുവിതരണ സംവിധാനങ്ങൾ അട്ടിമറിച്ചും അവശ്യസാധനങ്ങളുടെ ലഭ്യത പോലും ഉറപ്പാക്കാതെയും സപ്ലൈക്കോ അനുവദിക്കുന്നതിൽ വരെ അഴിമതി നടത്തിയും വിലക്കയറ്റത്തിന്റെ കെടുതിയെ ഇരട്ടിപ്പിച്ച സർക്കാറാണ് ഇവിടെ ഉണ്ടായിരുന്നത്. പെൻഷൻ വിതരണം അലങ്കോലമായി. നിയമന നിരോധനത്തിലൂടെ യുവജനങ്ങളുടെ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തി. വികസന പ്രവർത്തനങ്ങൾ എന്ന പേരിൽ കാട്ടിക്കൂട്ടിയ നാടകങ്ങൾ സ്വന്തം കൂട്ടരെ പോലും വിശ്വസിപ്പിക്കാൻ അവർക്ക് സാധിച്ചില്ല. ആനുകൂല്യങ്ങൾക്കു വേണ്ടി എല്ലാ രംഗത്ത് ഉള്ളവർക്കും സമരരംഗത്തേക്ക് വരേണ്ടിവന്നു. പോലീസ് സംവിധാനത്തെ ഉപയോഗിച്ചത് രാഷ്ട്രീയ പകപോക്കലിനുള്ള ആയുധമായി മാത്രമാണ്. ഇതിനെല്ലാം പുറമെയാണ് നാടിന്റെ സമാധാനജീവിതത്തെ അസ്വസ്ഥമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വർഗീയശക്തികൾക്ക് പ്രോത്സാഹനം നൽകും വിധം പെരുമാറിയത്. യു ഡി എഫിന്റെ ജനദ്രോഹനയങ്ങളുടെ പൊള്ളലേൽക്കാത്ത ഒരു വിഭാഗത്തെ പോലും ചൂണ്ടിക്കാണിക്കാനാവില്ല. ചുരുക്കത്തിൽ ഇതാണ് കേരളത്തിന്റെ അനുഭവം. ഇവയൊക്കെയാണ് പരിശോധിക്കപ്പെടേണ്ടത്.

2011-ല്‍ താങ്കള്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ അവസാനിച്ചിടത്തു നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷം കേരളം എങ്ങോട്ടാണ് സഞ്ചരിച്ചത്? ഒരു താരതമ്യം സാധ്യമാണോ?

ജീവിത പുരോഗതിയിലും സാമൂഹ്യസുരക്ഷയിലും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന സംരംഭങ്ങളിലും ഏറെ മുന്നോട്ട് പോകാനുള്ള സാധ്യതയെയാണ് യു ഡി എഫ് ഭരണം തകർത്തുകളഞ്ഞത്. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ ഒരു ജനക്ഷേമ പദ്ധതിയെപോലും മുന്നോട്ടുകൊണ്ടുപോകാൻ പോയിട്ട് അവയെ സംരക്ഷിക്കാൻ പോലും ഇക്കൂട്ടർ ശ്രമിച്ചില്ല. മുൻ സർക്കാരിന്റെ കാലത്ത് ഒരുവേള പോലും തെറ്റാതെ വിതരണം ചെയ്യുകയും കൃത്യമായ ഇടവേളകളിൽ വർദ്ധിപ്പിക്കുകയും പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിരുന്ന ക്ഷേമ പെൻഷനുകൾ ഒന്നൊന്നായി തകിടം മറിച്ചു. എൽ ഡി എഫ് ആരംഭിച്ച ഇ എം എസ് ഭവനപദ്ധതിക്ക് നല്ല തുടർച്ചയുണ്ടായിരുന്നെങ്കിൽ വീടില്ലാത്ത ഒരു കുടുംബം പോലുമില്ലാത്ത സംസ്ഥാനമായി കേരളം ഇപ്പോൾ മാറിയിട്ടുണ്ടാകുമായിരുന്നു. ആഘോഷവേളകളിൽ വലിയ വിലക്കുറവിൽ പ്രത്യേക ചന്തകൾ ഉൾപ്പടെ നടത്തി പൊതുവിതരണത്തെ ശക്തിപ്പെടുത്തിയിരുന്നു, ഒരു ദിവസം പോലും ട്രഷറി അടച്ചിട്ടിരുന്നില്ല, ലോഡ് ഷെഡ്ഡിങ്ങ് ഇല്ലാത്തവിധം വൈദ്യുതി ലഭ്യമാക്കാൻ ഇടപെട്ടിരുന്നു. ഇതിനൊന്നും തുടർച്ചയുണ്ടായില്ല. സ്മാർട്ട് സിറ്റിയും കണ്ണൂർ വിമാനത്താവളവും ഇടതുപക്ഷം അരംഭിച്ച പദ്ധതികളായിരുന്നു. അഞ്ച് വർഷം കിട്ടിയിട്ടും അവ പൂർത്തിയാക്കാൻ പോയിട്ട് പണി പാതി പോലുമ്മായിട്ടില്ല. ഇടതുപക്ഷം കാലയളവ് പൂർത്തിയാക്കുമ്പോൾ മുപ്പത്തിയഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലായിരുന്നു, ആയിരങ്ങൾക്ക് തൊഴിൽ ലഭിച്ചിരുന്നു. പുതിയ സംരംഭങ്ങൾ പൊതുമേഖലയിൽ തുടങ്ങിയില്ല എന്ന് മാത്രമല്ല ലാഭത്തിലുണ്ടായിരുന്നവയെ നഷ്ടത്തിലേക്ക് തള്ളിവിടുക കൂടിയാണ് യു ഡി എഫ് ചെയ്തത്. അതിന്റെ തുടർച്ചയാണ് കെ എസ് ആർ ടി സി ജീവനക്കാരുടെ ആത്മഹത്യ. എൽ ഡി എഫ് സർക്കാർ ഇല്ലാണ്ടാക്കിയ കർഷക ആത്മഹത്യ കഴിഞ്ഞ അഞ്ചു വർഷത്തിനകം വീണ്ടും തിരികെയെത്തി. തുടർച്ചയല്ല, ഇടതുപക്ഷ നേട്ടങ്ങളെ ഒന്നൊന്നായി തകർക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.

കഴിഞ്ഞ സര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ താങ്കള്‍ ഏറ്റവും പ്രാധാന്യത്തോടെ ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയാണ്? അക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തുടര്‍ച്ച ഉണ്ടായി എന്ന് കരുതുന്നുണ്ടോ?

വിദ്യാഭ്യാസ മേഖലയിൽ സമൂല മാറ്റത്തിനാണ് കഴിഞ്ഞ സർക്കാർ ശ്രമിച്ചത്. അതിന്റെ ആരംഭം പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തിക്കൊണ്ട് തന്നെയായിരുന്നു. സർക്കാർ സ്കൂളുകളുടെ നിലവാരം വർദ്ധിപ്പിക്കാൻ ക്രിയാത്മകമായ ഇടപെടൽ നടത്തി. ഒരേ സമയം കമ്പ്യൂട്ടർ ലാബുകളും, സ്മാർട്ട് ക്ലാസ് റൂമുകളും മെച്ചപ്പെട്ട ലൈബ്രറിയും ഉൾപ്പടെ ഭൗതിക സൗകര്യങ്ങൾ ഉറപ്പു വരുത്തിയും, പാഠ്യപദ്ധതി പരിഷ്കാരത്തിലൂടെയും പ്രത്യേക പരിശീലന പദ്ധതികളിലൂടെയും ഗുണനിലവാരം വർദ്ധിപ്പിച്ചും പൊതുവിദ്യാഭ്യാസത്തെ പരിരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഫലമായാണ് എസ് എസ് എൽ സി പരീക്ഷാഫലം വദ്ധിച്ചത്. പരമാവധി വിദ്യാർഥികൾക്ക് പ്രവേശനം ലഭ്യമാകുന്ന വിധം കൂടുതൽ ഹയർസെക്കന്ററി ബാച്ചുകൾ അനുവദിച്ചു. പ്രവേശനപ്രക്രിയ എളുപ്പമാക്കാൻ ഏകജാലകം ആരംഭിച്ചു. ബിരുദമേഖലയിൽ സെമസ്റ്റർ സംവിധാനം തുടങ്ങിയത് അക്കാദമിക് അന്തരീക്ഷം കൂടുതൽ മികവുറ്റതാക്കാനായിരുന്നു. മെഡിക്കൽ, എഞ്ചിനീയറിങ്ങ് മേഖലയിൽ കോഴ്സുകൾക്ക് ഫീസ് ക്രമീകരണം നടത്താനും കച്ചവടം അവസാനിപ്പിക്കാനും എൽ ഡി എഫ് സർക്കാർ ശക്തമായി ഇടപെട്ടിരുന്നു. യൂണീഫോമും പാഠപുസ്തകവും സൗജന്യമായി വിതരണം ചെയ്ത് തുടങ്ങുന്നത് അക്കാലത്തായിരുന്നു. അദ്ധ്യാപകർക്കും വിദ്യാർഥികൾക്കുമെല്ലാം ഇടമുള്ള ഒരു ജനാധിപത്യ അന്തരീക്ഷം പുഷ്ടിപ്പെടുത്താൻ നിരന്തരമായ ശ്രമം നടന്നിരുന്നു. എന്നാൽ ഇവയെയെല്ലാം അട്ടിമറിച്ച ഭരണമായിരുന്നു യു ഡി എഫിന്റെ നേതൃത്വത്തിലേത്.

സ്കൂളിലെ ഉച്ചക്കഞ്ഞി പോലും ഇല്ലാണ്ടായ അവസ്ഥ ഉണ്ടായിരുന്നു. പാഠപുസ്തക അച്ചടി സ്വകാര്യ കുത്തകകൾക്ക് അനധികൃതമായി നൽകിയതും പാഠപുസ്തക വിതരണം സ്തംഭിച്ചതും ഓർമ്മിക്കണം. ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി തുലാസിലാക്കി എസ് എസ് എൽ സി പരീക്ഷാഫലം പോലും താറുമാറാക്കി. പുതിയ പ്ലസ് ടു ബാച്ചുകൾ അനുവദിക്കുന്നത് കോഴവാങ്ങാൻ വേണ്ടി മാത്രമായിരുന്നു. യൂണിവേഴ്സിറ്റികൾ സാമുദായികശക്തികളെ പ്രീണിപ്പിക്കാൻ വീതംവെക്കുകയായിരുന്നു. ഒരു അക്കാദമിക് നിലവാരവും ഇല്ലാത്തവരെയാണ് വൈസ് ചാൻസലർ പദവികളിലേക്കുൾപ്പടെ ആനയിച്ചത്. സർവകലാശാലകളിലെ ജനാധിപത്യ അന്തരീക്ഷം ആകെ തകർത്തു. സ്വകാര്യ സർവകലാശാലകൾക്ക് കേരളത്തിന്റെ വാതിൽ തുറന്നുകൊടുക്കാനുള്ള നീക്കം വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമാക്കാനുള്ള അജണ്ടയുടെ ഭാഗമാണ്. സ്വാശ്രയമാനേജ്മെന്റുകളുടെ പ്രതിനിധികൾ എന്ന വിധമാണ് സർക്കാർ പെരുമാറിയത്. വിദ്യാഭ്യാസക്കച്ചവടത്തിനുള്ള എല്ലാ സൗകര്യവുമൊരുക്കി. നഷ്ടത്തിന്റെ പേര് പറഞ്ഞ് സ്കൂളുകൾ അടച്ചു പൂട്ടാൻ വരെ സർക്കാർ ഒത്താശ ചെയ്യുന്നത് നമ്മൾ കണ്ടു. ഒരു രാത്രികൊണ്ട് നിലം പതിപ്പിച്ച മലാപ്പറമ്പ് സ്കൂളൊക്കെ നമ്മുടെ കണ്മുന്നിലാണ് നടന്നത്. ഏറെ പ്രശംസിക്കപ്പെട്ട കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ അടിവേരറുക്കുന്ന ഇടപെടലുകളിലാണ് യു ഡി എഫ് സർക്കാർ മുഴുകിയത്. ഭാവി കേരളത്തെ കൂടിയാണ് അബ്ദുറബ്ബും അദ്ദേഹത്തിന്റെ വകുപ്പും ദ്രോഹിച്ചത്.

ഈ നിയമസഭയിലെ പ്രതിപക്ഷം എങ്ങനെയാണ് അതിനെ അടയാളപ്പെടുത്തിയത്? അല്ലെങ്കിൽ പ്രതിപക്ഷം എങ്ങനെയാണ് ഈ വിഷയങ്ങളെ കൈകാര്യം ചെയ്തത്?

യു ഡി എഫ് സർക്കാറിന്റെ ജനദ്രോഹപ്രവർത്തനങ്ങളെ നിയമസഭയ്ക്കകത്തും പുറത്തും തുറന്നുകാട്ടാനും അതിനെതിരായി അണിനിരക്കാനും പ്രതിപക്ഷത്തിന് സാധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഞങ്ങളുടെ വിലയിരുത്തൽ. അത്തരം ഇടപെടലുകൾ ഇല്ലാതിരുന്നു എങ്കിൽ ഒരുപക്ഷേ ഇതിലും ഭീകരമായേനേ കേരളത്തിന്റെ അവസ്ഥ. എന്നാൽ സഭാചട്ടങ്ങളെ ഉൾപ്പടെ ലംഘിച്ച് പ്രവർത്തിക്കുന്ന സർക്കാറിനെയാണ് ബജറ്റ് നാടകത്തിലൂടെ കണ്ടത്. എന്ത് അപമാനവും സഹിച്ച് ഭരണത്തിൽ തുടരുമെന്ന് പ്രഖ്യാപിച്ചത് മുഖ്യമന്ത്രി തന്നെയാണ്. എങ്കിലും ഉമ്മൻ ചാണ്ടിക്കും സംഘത്തിനും വികൃതമായ മുഖവുമായി ജനങ്ങൾക്ക് മുന്നിൽ നിൽക്കേണ്ടി വന്നത് പ്രതിപക്ഷത്തിന്റെ ക്രിയാത്മകമായ ഇടപെടലുകൾ കൊണ്ട് തന്നെയാണ്.

മാനിഫെസ്റ്റോയിലേക്ക്... എന്താണ് ഈ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുപക്ഷം കേരളത്തോട് പറയുന്നത്?

കേരളത്തിന്റെ നന്മകളെ തിരിച്ചുപിടിക്കാനും വികസനത്തിന്റെയും മുന്നേറ്റത്തിന്റെയും മറ്റൊരു കേരളം പടുത്തുയർത്താനും സാധിക്കേണ്ടതുണ്ട്. അതിനനുയോജ്യമായ സമീപനമാണ് ഇടതുപക്ഷത്തിന്റേതെന്ന് പ്രകടന പത്രിക വ്യക്തമാക്കുന്നു. കേരളത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ടുള്ള, എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന വികസനസങ്കൽപ്പമാണ് ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്നത്. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന 35 ഇന പരിപാടി. അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ പ്രതീക്ഷകളെ പൂർണമായും തൃപ്തിപ്പെടുത്തുന്നതും കാർഷിക-നിർമാണ-വാണിജ്യ- ചെറുകിട വ്യവസായ മേഖലകളിലെ കാര്യക്ഷമമായ ഇടപെടലുകൾ കൂടി ഉൾപ്പെടുന്നതുമായ വ്യത്യസ്ത സംരഭങ്ങളിലൂടെ 25 ലക്ഷം പേർക്ക് തൊഴിൽ നൽകും. സ്കൂൾ വിദ്യാഭ്യാസത്തെയും ഉന്നത വിദ്യാഭ്യാസത്തെയും മികവുറ്റതാക്കാൻ ലക്ഷ്യബോധമുള്ള പദ്ധതികൾ, പൊതുമേഖലയെ പുനരുദ്ധരിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ, മിനിമം വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതികളിലൂടെയും ലേബർ ബാങ്ക് സൃഷ്ടിക്കുന്നതിലൂടെയും പരിശീലനം നൽകിയുമെല്ലാം കർഷകരെ സംരക്ഷിക്കാനുള്ള ദൃഢനിശ്ചയം, റെയിലും റോഡ് ഗതാഗതവും ജലപാതയും ഉൾക്കൊള്ളുന്ന പശ്ചാത്തല സൗകര്യവികസനത്തിനായുള്ള കാഴ്ചപ്പാടുകൾ, മുഴുവൻ പേർക്കും വീടും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തും, പൊതുവിതരണം ശക്തിപ്പെടുത്താനുള്ള തീരുമാനം, അടിസ്ഥാനവർഗത്തിന്റെ മുന്നേറ്റം ഉറപ്പാക്കുന്ന പദ്ധതികൾ, അഴിമതിരാജിൽ നിന്നുള്ള മോചനം തുടങ്ങി അതിവിപുലവും കേരളത്തിന്റെ സമഗ്രവികസനത്തിന് ഉതകുന്നതും ആയ കാഴ്ചപ്പാടാണ് എൽ ഡി എഫ് മുന്നോട്ടുവയ്ക്കുന്നത്. പരിസ്ഥിതിയെയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്.

ഇടതുപക്ഷം അധികാരത്തില്‍ വരികയാണെങ്കില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിന്റെ വികസനത്തെ എങ്ങനെയാകും രേഖപ്പെടുത്തുക?

രാജ്യത്തിനാകെ മാതൃകയാകുന്ന വികസനമുന്നേറ്റത്തിന് കേരളം ഇടമാകും. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊണ്ടുകൊണ്ടുള്ള വികസനം സാധ്യമാണെന്ന് ഇടതുപക്ഷം തെളിയിക്കും. ജനകീയാസൂത്രണത്തിന്റെ ശേഷിയിലുള്ള ആത്മവിശ്വാസം കേരളം വീണ്ടെടുക്കും. വിശപ്പില്ലാത്ത കേരളം സാധ്യമാകും. സാമൂഹ്യസുരക്ഷയിൽ ഊന്നിയുള്ള, അവസരസമത്വം ഉറപ്പുനൽകുന്ന, സുതാര്യതയിൽ വിട്ടുവീഴ്ചയില്ലാത്ത, മാനവിക മുഖമുള്ള വികസനത്തിന് കേരളം പര്യായമാകും.

കല, സംസ്കാരം, ലിംഗനീതി, പരിസ്ഥിതി, ദളിത്-ആദിവാസി വിഷയങ്ങള്‍, മനുഷ്യാവകാശം - ഇവയെ പുതിയ സാഹചര്യത്തില്‍ എങ്ങനെയാണ് ഇടതുപക്ഷം അഭിസംബോധന ചെയ്യുന്നത്?

നവ ഉദാരവത്കരണത്തിന്റെ കാലഘട്ടത്തിൽ അവയോട് ബന്ധപ്പെടുത്തി ഈ വിഷയങ്ങളെ സമീപിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. എന്നാൽ ആഗോളീകരണത്തിനും പിറകിലേക്ക് പോകുന്ന ചരിത്ര പശ്ചാത്തലം ഇവയിൽ പലതിനുമുണ്ട് താനും. മേല്പറഞ്ഞവയയെല്ലാം അഭിസംബോധന ചെയ്യാതെ പുരോഗമന രാഷ്ട്രീയത്തിന് മുന്നോട്ട് പോകാനാകില്ല. കലയെ കേവലം വില്പനച്ചരക്കാക്കി മാറ്റിയിരിക്കുകയാണ് മുതലാളിത്തം. വിമോചനത്തിനും സാമൂഹിക മുന്നേറ്റങ്ങൾക്കുമുള്ള സാധ്യതകളിൽ നിന്നും കലയെ അകറ്റി നിർത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു. മാർക്കറ്റിൽ തളച്ചിട്ടിരിക്കുന്ന കലയെ മനുഷ്യരുടെ ഇടയിലേക്ക് ചരക്കിന്റെ രൂപത്തിലല്ലാതെ കൊണ്ടുവരണം.

ഇതിനു സമാനമാണ് പരിസ്ഥിതിയുടെ അവസ്ഥ. ഇടതുപക്ഷം ഇപ്പോൾ തിരിച്ചറിയുന്നതല്ല ഇതെന്ന് ചരിത്രം പഠിച്ചാൽ മനസിലാകും. ആഗോളതാപനത്തിന്റെ ഭീഷണികളെക്കുറിച്ച് കുറഞ്ഞത് രണ്ട് പതിറ്റാണ്ട് മുൻപെങ്കിലും ഇടതുപക്ഷം മുന്നറിയിപ്പ് നൽകിയതായി കാണാം. ദയാരഹിതമായ മുതലാളിത്ത ചൂഷണത്തിന്റെ ഏറ്റവും വലിയ ഇരകളിൽ ഒന്ന് നമ്മുടെ പരിസ്ഥിതിയാണ്. പരിസ്ഥിതിയെ മനുഷ്യനിൽ നിന്നും അടർത്തിമാറ്റണം എന്ന നിലപാട് ഞങ്ങൾക്കില്ല. എന്നാൽ മനുഷ്യരിലെ ഒരു ചെറിയ വിഭാഗത്തിന്റെ ലാഭം കുന്നുകൂട്ടാനുള്ള കൊള്ളയ്ക്ക് പരിസ്ഥിതിയെ വിട്ടുകൊടുക്കരുത്. മനുഷ്യവംശത്തിന്റെയാകെ നിലനില്പിന് സഹായിക്കും വിധമായിരിക്കണം പരിസ്ഥിതിയോടുള്ള സമീപനം. നിലവിലെ കാലാവസ്ഥാ വ്യതിയാനവും, വരൾച്ചയുമെല്ലാം യാദൃശ്ചികമായി സംഭവിച്ചതല്ല. വലിയ തിരുത്തൽ ആവശ്യമാണ്. പരിസ്ഥിതിയെ സംരക്ഷിക്കാതെ മനുഷ്യന് നിലനിൽപ്പില്ലെന്ന തിരിച്ചറിവിൽ നിന്ന് തുടങ്ങണം, തിരുത്തൽ. കായൽ കൈയേറ്റക്കാർക്കും, വനംകൊള്ളക്കാർക്കുമെല്ലാം ഒത്താശ പാടുന്ന വലതുപക്ഷത്തിൽനിന്നും ഇക്കാര്യത്തിൽ ഒന്നും പ്രതീക്ഷിക്കാനില്ല.

ലിംഗനീതിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത് ആശാവഹമായ കാഴ്ചയാണ്. ഇവയെ വളരെ താല്പര്യപൂർവമാണ് ഇടതുപക്ഷം കാണുന്നത്. ലിംഗനീതി സംബന്ധിച്ച പ്രശ്നങ്ങൾ സ്ത്രീ-പുരുഷ കേന്ദ്രീകൃതം മാത്രമാണെന്ന് കരുതപ്പെട്ട കാലത്തുനിന്നും മാറി ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ചും ട്രാൻസ്ജെന്ററിനെക്കുറിച്ചുമെല്ലാം തുറന്ന ചർച്ചകൾ നടക്കുന്നതിലേക്ക് സമൂഹം എത്തിച്ചേർന്നിരിക്കുന്നു. ഈ വിഷയം കൂടി ഉൾപ്പെടുത്തിയാണ് ഇടതുപക്ഷം പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നത്. കേരള പഠനകോൺഗ്രസിലുൾപ്പടെ വലിയ പ്രാധാന്യത്തോടെ ഇവ ചർച്ചയാക്കാൻ ശ്രമിച്ചിട്ടുണ്ട്. ലിംഗനീതിയുടെ കാര്യത്തിൽ കേരളം ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്.

ആദിവാസി-ദളിത് വിഷയങ്ങളെ ഒരുപോലെ കാണാനാകില്ല. രണ്ട് വിഭാഗങ്ങളും അനുഭവിക്കുന്ന പ്രശ്നങ്ങൾ വുത്യസ്തമാണ്. എന്നാൽ ഇരുകൂട്ടരും കൊടിയ ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്നതിൽ തർക്കമില്ല. ഭൂപ്രശ്നം രൂക്ഷമാവുകയാണ്. സർക്കാർ സംവിധാനങ്ങൾ പലതും ഇവർക്ക് അപ്രാപ്യമാണ്. സമൂഹത്തിന്റെ മുന്നേറ്റത്തിൽ ഇവർക്കെത്രമാത്രം ഇടമുണ്ട് എന്ന് അന്വേഷിച്ചാൽ നിരാശയാകും ഫലം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു മുന്നേറ്റം കേരളത്തിൽ സാധ്യമായിരുന്നു. എന്നാൽ അതുകൊണ്ട് മാത്രം തൃപ്തിപ്പെടാൻ നമുക്കാവില്ല. സാംസ്കാരിക അധിനിവേശത്തിന്റേതായുള്ള പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് കൂടുതൽ വിശാലമായ ജനാധിപത്യ പരിസരമായി കേരളത്തെ വികസിപ്പിക്കണം എന്നാണ് ഞങ്ങളുടെ നിലപാട്. അതിന് പൊലീസ് സംവിധാനത്തെ നവീകരിക്കുന്നതോടൊപ്പം സമൂഹത്തിലും ഇടപെടേണ്ടതായിട്ടുണ്ട്. മേല്പറഞ്ഞ വിഷയങ്ങളെയെല്ലാം ആത്മാർഥതയോടെ സമീപിച്ചുകൊണ്ടാണ് ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നതിന് പ്രകടനപത്രിക തന്നെയാണ് തെളിവ്.

ഇന്ത്യന്‍ ദേശീയത എങ്ങനെയാണ് നിര്‍വചിക്കപ്പെടേണ്ടത്? പുതിയ കാലത്ത് ദേശീയതയ്ക്ക് വരുന്ന അര്‍ത്ഥ വ്യത്യാസങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഏകതാനമായ ഒന്നായി ഇന്ത്യൻ ദേശീയതയെ നമ്മൾ നിർവചിക്കരുത്. അനേകം ദേശീയതകളുടെ ഒരു യൂണിയനാണ് ഇന്ത്യ. അതിൽ ഒന്നിനെ മറ്റൊന്നിനു മുകളിൽ സ്ഥാപിക്കാനുള്ള ഏത് ശ്രമത്തെയും ചെറുക്കേണ്ടതാണ്. ഈ ദേശീയതകളെ പരസ്പരം യോജിപ്പിക്കുന്ന വളരെ കുറച്ചു ഘടകങ്ങൾ മാത്രമേയുള്ളു. അവയിൽ ഏറ്റവും ശക്തമായത് ധീരമായ സാമ്രാജ്യത്വവിരുദ്ധ സമരമാണ്. അധികാരപ്രയോഗങ്ങളിലൂടെ അടിച്ചേൽപ്പിക്കേണ്ടതല്ല പുരോഗമന സമൂഹത്തിന്റെ ദേശീയത. ശത്രുവിനെ നിലനിർത്തി പരിപോഷിപ്പിക്കേണ്ടതുമല്ല. ദേശത്തെക്കുറിച്ച് തന്നെയുള്ള കാഴ്ചപ്പാടുകൾ നവീകരിക്കപ്പെടണം. ജനങ്ങളുടെ ജീവിത്തെക്കുറിച്ച് ആശങ്കയില്ലാത്ത സംവിധാനങ്ങളുള്ള ദേശമാണ് ഏറ്റവും അപകടകരം.

പുരോഗമനാശയങ്ങളോട് എന്നും അഭിനിവേശം പുലര്‍ത്തിയിരുന്ന ഒരു ജനതയാണ് കേരളത്തിലേത്. എന്നാല്‍ ഇന്നത് വര്‍ഗീയതയിലേക്കും സങ്കുചിത വാദത്തിലേക്കും തിരിയുന്നുണ്ടോ? എന്താണ് ഇതിന് കാരണം?

കേരളത്തിൽ അയ്യങ്കാളിയും നാരായണഗുരുവുമുമെല്ലാം നേതൃത്വം നൽകിയ നവോദ്ധാനപ്രസ്ഥാനത്തിന്റെ തുടർച്ച ഉറപ്പാക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് സാധിച്ചിരുന്നു. ഇതു തന്നെയാണ് പുരോഗമന കേരളത്തിന്റെ അടിത്തറ. എന്നാൽ ഇതിനെ പരിക്കേൽപ്പിക്കുംവിധം മത-സാമുദായിക ശക്തികൾ സ്വാധീനം വർധിപ്പിക്കുന്ന അനുഭവം ഇന്നുണ്ട്. ശ്രീനാരായണീയരെ പോലും വഴി തെറ്റിക്കാനുള്ള ശ്രമം വെള്ളാപ്പള്ളിയെ പോലുള്ളവർ നടത്തുന്നുണ്ട്. സംഘപരിവാറിന്റെ വളരെ സജീവമായ പിന്തുണയും ശ്രമങ്ങളും ഇതിന്റെ പിന്നിലുണ്ട്. രാജ്യത്താകമാനമുള്ള ഹിന്ദുത്വ ഭീഷണിക്കൊപ്പം കേരളത്തിലെ യു ഡി എഫ് നേതൃത്വം കൈക്കൊണ്ട സാമുദായിക പ്രീണനസമീപനങ്ങൾ സ്ഥിതി വഷളാക്കിയിട്ടേയുള്ളു. കേരളത്തിന്റെ നവോദ്ധാന പാരമ്പര്യത്തെ വീണ്ടെടുക്കേണ്ടതുണ്ട്.