12 June 2018, Tuesday

യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് യു ഡി എഫ് ഒളിച്ചോടുന്നു

ആദരണീയ ട്രേഡ് യൂണിയന്‍ നേതാവ് എം എം ലോറന്‍സുമായി സംഭാഷണം.

തയ്യാറാക്കിയത് ജലീല്‍ അരൂക്കുറ്റി.


 
ഇടതുമുന്നണി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് താങ്കള്‍ ഉറപ്പിച്ചുപറയാന്‍ കാരണം?
വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ നേട്ടം എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തിയിട്ടുണ്ട്. അത് ജനം തിരിച്ചറിയും. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും എല്‍ ഡി എഫ് സര്‍ക്കാരിന്റെ  പ്രവര്‍ത്തനങ്ങളും താരതമ്യംചെയ്യുമ്പോള്‍ ജനത്തിന് ഏതാണ് ജനകീയസര്‍ക്കാര്‍ എന്ന് ബോധ്യമാകും. ഭൂരിപക്ഷംവരുന്ന അടിസ്ഥാനവിഭാഗങ്ങള്‍ക്ക് പ്രാമുഖ്യംനല്‍കി എല്ലാവിഭാഗം ജനങ്ങളിലേക്കും വികസനവും ക്ഷേമപദ്ധതികളും എത്തിക്കാനാണ് എല്‍ ഡി എഫ് അധികാരവും പണവും ഉപയോഗിച്ചത്. ഇടതുമുന്നണിയെ എതിര്‍ത്തവര്‍ക്കുപോലും ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഇടതുഭരണത്തിന് കഴിഞ്ഞിട്ടുണ്ട്. ഇവിടെ ജനക്ഷേമം മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുണ്ടെന്ന്  ജനത്തിനറിയാം.
 
ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രധാന ഭരണനേട്ടമായി താങ്കള്‍ വിലയിരുത്തുന്നത് എന്താണ്?
ഏറ്റവും വലിയ ഭരണനേട്ടം വിലക്കയറ്റം തടയാന്‍ നടപടിയെടുത്തുവെന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായി വര്‍ധിച്ചുകൊണ്ടിരുന്ന വിലനിലവാരത്തെ പിടിച്ചുനിര്‍ത്താന്‍ മാന്ത്രികവടിയില്ലെന്ന് കേന്ദ്രമന്ത്രി പരിതപിക്കുമ്പോള്‍ ക്രിയാത്മകമായ ഇടപെടലുകളിലൂടെ വിലക്കയറ്റത്തിന്റെ ഭാരം ജനങ്ങളില്‍നിന്ന് ദൂരീകരിച്ചു. സിവില്‍സപ്ലൈസും കണ്‍സ്യൂമര്‍ഫെഡുംവഴി കുറഞ്ഞവിലയ്ക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കി. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന നിത്യോപയോഗസാധനങ്ങള്‍ ആ സംസ്ഥാനങ്ങളിലെ വിലയെക്കാള്‍ കുറച്ച് വില്‍പന നടത്തിയത് പൊതുവിതരണസംവിധാനത്തെ ശക്തിപ്പെടുത്തി. പാവപ്പെട്ടവര്‍ക്ക് രണ്ട്‌രൂപയ്ക്ക് അരി വിതരണംചെയ്ത് മുന്നേറ്റത്തിന് തുടക്കംകുറിക്കാനായി. ബി പി എല്‍, എപിഎല്‍ പരിഗണനയില്ലാതെ എല്ലാവിഭാഗങ്ങള്‍ക്കും രണ്ടുരൂപയ്ക്ക് അരി എത്തിക്കാനുള്ള നീക്കം നടത്തിയപ്പോഴാണ് യു ഡി എഫ് അതിനെതിരെ രംഗത്തെത്തിയത്.


രണ്ട് രൂപയുടെ അരിവിതരണം ഒരു ഇലക്ഷന്‍ തന്ത്രമാണെന്നാണല്ലോ യു ഡി എഫ് ആരോപിക്കുന്നത്. അവര്‍ ഒരുരൂപയ്ക്ക് അരി നല്‍കുമെന്നും പറയുന്നുണ്ട്?
രണ്ട് രൂപയ്ക്ക് അരി വിതരണംചെയ്യുന്ന പദ്ധതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ തലേന്ന് പ്രഖ്യാപിച്ചതല്ല. സംസ്ഥാനത്തെ 40 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് അനുഭവമായ യാഥാര്‍ഥ്യമായിരുന്നുഅത്. മറ്റുവിഭാഗങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴാണ് അതിനെ യു ഡി എഫ് ദുഷ്ടലാക്കോടെ കണ്ടത്. ഹൈക്കോടതി അനുകൂലമായ വിധി നല്‍കിയെങ്കിലും സുപ്രിംകോടതിയെ സമീപിച്ച് അത് ഇല്ലാതാക്കി. അതിന് യു ഡി എഫ് ജനങ്ങളോട് സമാധാനംപറയേണ്ടിവരും.
ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ്‌വാഗ്ദാനം അധികാരത്തില്‍ വരില്ലെന്ന് ഉറപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാലും അത് നടപ്പാക്കുമെന്ന് യാതൊരു ഉറപ്പുമില്ല. തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനം പാലിക്കണമെന്ന് നിര്‍ബന്ധമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 'ദാരിദ്ര്യനിര്‍മാര്‍ജനം' എന്ന മുദ്രാവാക്യവുമായി ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പിനെ നേരിട്ടു. ദാരിദ്ര്യത്തിന്റെ പേരില്‍ ജനം അവരെ അധികാരത്തിലേറ്റി. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യപ്പെട്ടില്ല. ഒരു വില്ലേജില്‍ ഒരു വ്യവസായം, ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി എന്ന വാഗ്ദാനം നല്‍കി. തിരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം എത്ര വ്യവസായശാലകള്‍ തുടങ്ങി? എത്രപേര്‍ക്ക് തൊഴില്‍ കിട്ടി, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായശേഷം 'അതിവേഗം ബഹുദൂരം' എന്ന  പേരുനല്‍കി ജില്ലതോറും നിവേദനങ്ങള്‍ വാരിക്കൂട്ടി പോയി. ഉമ്മന്‍ചാണ്ടി വന്ന സ്ഥലങ്ങളിലെ കടകളില്‍ വെള്ളപേപ്പര്‍ തീര്‍ന്നതല്ലാതെ നാട്ടുകാര്‍ക്ക് ഒരു പ്രയോജനവുമുണ്ടായില്ല. അതുപോലെയാണ് ഒരു രൂപയുടെ അരിയും.
 
ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണം തൊഴിലാളികള്‍ക്ക് എത്രമാത്രം ഗുണകരമായതായാണ് താങ്കള്‍ വിലയിരുത്തുന്നത്?
തൊഴിലാളികളിലേക്ക് മാത്രമല്ല എല്ലാവിഭാഗം ജനങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ നടപ്പാക്കിയ സര്‍ക്കാരാണ് എല്‍ ഡി എഫ്. പൊതുമേഖലാവ്യവസായങ്ങളുടെ ഓഹരി വിറ്റഴിക്കുകയും സ്വകാര്യവല്‍ക്കരിക്കുകയുംചെയ്യുന്ന കോണ്‍ഗ്രസ് നയം തുടരുമ്പോഴും കേരളത്തിലെ വ്യവസായരംഗത്ത് കുതിച്ചുചാട്ടമാണ് ഇടതുമുന്നണി നടത്തിയത്. യു ഡി എഫ് അധികാരംവിട്ടുപോരുമ്പോള്‍ 44 പൊതുമേഖലാസ്ഥാപനങ്ങളില്‍ 32 എണ്ണവും നഷ്ടത്തിലായിരുന്നു. പലതും അടച്ചുപൂട്ടി. ഇടതുമുന്നണി സര്‍ക്കാര്‍ വന്നശേഷം സ്ഥിതി വ്യത്യസ്തമായി. ഇപ്പോള്‍ 37 പൊതുമേഖലാസ്ഥാപനങ്ങളില്‍ 32 എണ്ണവും ലാഭത്തിലാണ്. കൂടാതെ ഒമ്പതോളം പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്നു. ഇതുവഴി തൊഴില്‍സാധ്യത വര്‍ധിച്ചു. മത്‌സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമെല്ലാം ക്ഷേമപദ്ധതി നടപ്പാക്കി. പീടികത്തൊഴിലാളികള്‍ക്കുവരെ ക്ഷേമനിധി ഏര്‍പ്പെടുത്തി ഈ സര്‍ക്കാര്‍ മുന്നേറ്റം നടത്തി. ആയുര്‍വേദ മരുന്നുകള്‍ വിതരണംചെയ്യുകയും നിര്‍മാണമേഖലകളില്‍ പ്രവര്‍ത്തിക്കുകയുംചെയ്യുന്ന തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി വിശാലകാഴ്ചപ്പാടോടെയാണ് പീടികത്തൊഴിലാളി ക്ഷേമനിധി രൂപീകരിച്ചത്. പ്രവാസികള്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തി.
 
പല പദ്ധതികളും കേന്ദ്രസഹായത്തോടെയുള്ളതാണെന്നാണല്ലോ കേന്ദ്രമന്ത്രി എ കെ ആന്റണി പറയുന്നത്. അതില്‍ എത്രമാത്രം ശരിയുണ്ട്?
കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. കേന്ദ്രസര്‍ക്കാര്‍ നികുതിയും വിദേശനാണ്യവിനിമയത്തിലൂടെയുള്ള വരുമാനത്തിന്റെയുമെല്ലാം വലിയ പങ്കുപറ്റുന്നത് കേരളത്തില്‍നിന്നാണ്. കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ എക്കാലത്തും അവഗണനയാണ് കാട്ടിയിട്ടുള്ളത്. ജനസംഖ്യാനുപാതികമായ വിഹിതം ഇതുവരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട പദ്ധതികള്‍ എ കെ ആന്റണിയിലൂടെ സംസ്ഥാനത്തേക്ക് കൊണ്ടുവന്നിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. ലാഭകരമായി പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തിലാണെന്നുള്ളതും പദ്ധതിക്കാവശ്യമായ കാര്യങ്ങള്‍ നിര്‍വഹിച്ചുനല്‍കാന്‍ സംസ്ഥാനത്തെ ഇച്ഛാശക്തിയുള്ള സര്‍ക്കാരുണ്ടെന്നതുകൊണ്ടുമാണ് പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്നത്.
 
? മാറിമാറിവരുന്ന ഭരണക്രമമാണല്ലോ കേരളത്തില്‍ തുടര്‍ച്ചയായുള്ള ഭരണത്തെക്കാള്‍ നല്ലത് എന്ന് വോട്ടര്‍മാര്‍ ചിന്തിച്ചാല്‍ കുറ്റംപറയാമോ?
മാറിമാറി വരുന്ന സര്‍ക്കാരിനെക്കാള്‍ നല്ലൊരു ജനക്ഷേമസര്‍ക്കാര്‍ തുടര്‍ച്ചയായി ഭരിക്കുന്നതാണ് സംസ്ഥാനത്തിന് ഗുണം. മാറിമാറിയുള്ള ഭരണം പല പ്രശ്‌നങ്ങളും സൃഷ്ടിക്കാറുണ്ട്. ഉദാഹരണത്തിന് ഒരു സംഭവം ചൂണ്ടിക്കാട്ടാം. മുന്‍ എല്‍ ഡി എഫ് സര്‍ക്കാരില്‍ ടി കെ രാമകൃഷ്ണന്‍ ഫിഷറീസ്മന്ത്രിയായിരിക്കുമ്പോള്‍ മത്‌സ്യത്തൊഴിലാളികള്‍ക്ക് 17 ജനക്ഷേമപദ്ധതികള്‍ നടപ്പിലാക്കി. അപകടത്തില്‍പ്പെട്ടാല്‍ നഷ്ടപരിഹാരം, ചികിത്‌സാസഹായം, വിദ്യാഭ്യാസ സഹായം, പെണ്‍കുട്ടികളുടെ വിവാഹസഹായം തുടങ്ങിയവ അടങ്ങുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമായിരുന്നു. പദ്ധതിയെ ശക്തിപ്പെടുത്തേണ്ടതിനുപകരം പിന്നീടുവന്ന യു ഡി എഫ്‌സര്‍ക്കാര്‍ ഈ ആനുകൂല്യങ്ങള്‍ നാല് ഇനങ്ങളിലായി വെട്ടിക്കുറച്ചു. അതുപോലും ജനങ്ങളിലെത്തിയില്ലെന്നതാണ് സത്യം.
 
നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ലോകസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞില്ലല്ലോ. എന്താണ് അവിടെ സംഭവിച്ചത്?
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മോശമല്ലാത്ത പ്രകടനംതന്നെ കാഴ്ചവയ്ക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. പല സ്ഥലത്തും നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. പ്രാദേശികമായ പല താല്‍പര്യങ്ങളും രാഷ്ട്രീയത്തെക്കാള്‍ ആ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതുകൊണ്ട് അതിനെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യംചെയ്യാന്‍ കഴിയില്ല. പിന്നെ ലോകസഭാ തിരഞ്ഞെടുപ്പ്. കേരളത്തില്‍നിന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍  തിരഞ്ഞെടുക്കപ്പെട്ടാലും അവര്‍ക്ക് ഇന്ത്യ ഭരിക്കാന്‍  കഴിയില്ലെന്നത് വസ്തുതയാണ്. അപ്പോള്‍ അവിടെ കോണ്‍ഗ്രസും ബിജെപിയുമാണ് അധികാരസ്ഥാനത്ത് വരുന്നത്. തമ്മില്‍ഭേദം തൊമ്മന്‍ എന്ന നിലയില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചു. അത് യു ഡി എഫിന്റെ ഗുണംകൊണ്ടുള്ള വിജയമല്ല. അസംബ്ലി തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭരണമാണ്.  തീരുമാനങ്ങളെടുക്കുന്നതും നടപ്പിലാക്കുന്നതും ഭൂരിപക്ഷം ലഭിക്കുന്നവാണ്. കേരളത്തിലെ വോട്ടര്‍മാര്‍ രാഷ്ട്രീയപരമായി പക്വതവന്നവരാണ്. അവര്‍ അതുകൊണ്ട് യുക്തമായ തീരുമാനം എടുക്കും. അത് ഇടതുപക്ഷത്തിന് അനുകൂലമാകും.
 
ജമാ അത്ത് ഇസ്‌ലാമി നേതാക്കളുമായുള്ള  ചര്‍ച്ച വിവാദമായിട്ടുണ്ടല്ലോ. അതിനെ എങ്ങനെ കാണുന്നു?
വോട്ട്‌ചെയ്യാന്‍വരുന്നവരോട് അത് സ്വീകരിക്കുകയില്ലെന്ന് പറയാന്‍ കഴിയില്ല. അത് അവരുടെ അവകാശമാണ്.  വോട്ടര്‍മാര്‍ മുന്നണികളെയും പാര്‍ട്ടികളെയും താരതമ്യംചെയ്തിട്ടാണ് വോട്ട്‌ചെയ്യുക. വെറുതെ വിവാദമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ഇതിനെ വലിയൊരു സംഭവമായി പ്രചരിപ്പിക്കുന്നത്. ചര്‍ച്ച നടത്തുകയെന്നത് സാധാരണ നടപടിക്രമങ്ങളാണ്. അതിനെ വിവാദമാക്കേണ്ട കാര്യമില്ല. മറ്റുവിഷയങ്ങള്‍ ഇടതുമുന്നണിക്കെതിരെ ഉന്നയിക്കാനില്ലാത്തതിനാലാണ് ഇത്തരം വിഷയങ്ങള്‍ യു ഡി എഫ് ഉയര്‍ത്തുന്നത്. ഇടതുമുന്നണിയുടെ മുഖ്യമന്ത്രിയാരാണ് എന്നതായിരുന്നു ആദ്യത്തെ പ്രശ്‌നം. പിന്നീട് പി ശശിക്കെതിരെ എന്ത് നടപടിയാണ് വരുകയെന്ന ആകാംക്ഷയായി. ഇവിടെ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ രാമചന്ദ്രന്‍ മാസ്റ്റര്‍ തുറന്നടിച്ച ടൈറ്റാനിയം അഴിമതിയും കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫ തുറന്നുവിട്ട പാമോയില്‍ കേസുമെല്ലാം ചര്‍ച്ചയാകുന്നില്ല. കോടികളുടെ അഴിമതിയായ സ്‌പെക്ട്രം ഇടപാടും ഗെയിംസ് അഴിമതിയും ഐഎസ്ആര്‍ഒ അഴിമതിയുമൊന്നും ചര്‍ച്ചചെയ്യുന്നില്ല. വിലക്കയറ്റത്തെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ക്ക് മൗനമാണ്.
 
ഇടതുമുന്നണിക്കൊപ്പമുണ്ടായിരുന്ന ചില പാര്‍ട്ടികളും വ്യക്തികളും മുന്നണി വിട്ടത് തിരഞ്ഞെടുപ്പില്‍ എങ്ങനെ ബാധിക്കും?
സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് പൊതുരംഗത്തേക്ക് വരുന്നവരാണ് തിരഞ്ഞെടുപ്പ്‌സമയമാകുമ്പോള്‍ അത് ലഭിക്കുകയില്ലെന്ന് മനസിലാക്കി മറുകണ്ടം ചാടുന്നത്. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ധാര്‍മികതയില്‍ ഉറച്ചുവിശ്വസിക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ ആവശ്യമില്ല. മുന്നണിയില്‍നിന്ന് പാര്‍ട്ടികളൊന്നും പോയിട്ടില്ല. എം പി വീരേന്ദ്രകുമാറിന്റെയും പി ജെ ജോസഫിന്റെയും നേതൃത്വത്തിലുള്ളവര്‍ പോയത് ഇടതുമുന്നണിയുടെ വിജയത്തെ ബാധിക്കുകയില്ല. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ നല്ലതായിരുന്നു. വീരേന്ദ്രകുമാറും പി ജെ ജോസഫും മുന്നണിയില്‍നിന്ന് സ്വയംപോയതാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത്  എട്ട് മന്ത്രിമാരാണ് രാജിവെച്ചത്. അവരില്‍  എ കെ ആന്റണിയൊഴികെയുള്ളവരെല്ലാം അഴിമതിയുടെ പേരിലും സ്ത്രീപീഡനകേസിലും പെട്ടാണ് പോയത്. ഇടതുമുന്നണി മന്ത്രിസഭയില്‍നിന്ന് രാഷ്ട്രീയകാരണങ്ങളില്ലാതെയാണ് പി ജെ ജോസഫും ടി യു കുരുവിളയും പുറത്തുപോയത്. അതിന്റെ കാരണം ജനങ്ങള്‍ക്കറിയാം. അവരെ കൂടെനിര്‍ത്തി മത്‌സരിപ്പിക്കുന്നത് കോണ്‍ഗ്രസുകാര്‍തന്നെയാണ്.

 

കടപ്പാട് : ജനയുഗം