19 September 2018, Wednesday

“ക്വട്ടേഷന്‍ പണിയെടുക്കല്ലേ പത്രങ്ങളേ”


കൊച്ചി: എല്‍ഡിഎഫിനെതിരെ ചില പത്രങ്ങള്‍ നുണയുടെ പെരുമഴ പെയ്യിക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അത്തരം 'ക്വട്ടേഷന്‍' പണി എടുക്കരുതെന്ന് അവരോട് അദ്ദേഹം അഭ്യര്‍ഥിച്ചു. "തങ്ങള്‍ എഴുതുന്നതെന്തും വായനക്കാര്‍ അപ്പാടെ വിഴുങ്ങിക്കൊള്ളുമെന്നു തെറ്റിദ്ധരിച്ച് എഴുതിവിടുന്നവര്‍ മെയ് 13ന് തെരഞ്ഞെടുപ്പുഫലം വരുമ്പോള്‍ വിഷം കഴിച്ചേക്കരുത്''- വി എസ് പറഞ്ഞു. പ്രസ്ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകാധിപത്യത്തിനും അഴിമതിക്കും കീഴടങ്ങുന്നതാണ് ആദര്‍ശമെങ്കില്‍ എ കെ ആന്റണി ആദര്‍ശവാന്‍തന്നെയാണ്. രാജ്യത്തെ ഏറ്റവും വലിയ കുംഭകോണങ്ങളിലൊന്ന് പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ വകുപ്പിലാണ് നടന്നത-ആദര്‍ശ് ഫ്ളാറ്റ് അഴിമതി. അതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് രാജിവയ്ക്കേണ്ടിവന്നു. ആന്റണി രാജിവച്ചില്ല. ജനങ്ങളോട് മാപ്പുപറയുകയെങ്കിലും വേണ്ടേ? നരസിംഹറാവു സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ആന്റണിക്ക് പഞ്ചസാര കുംഭകോണത്തെത്തുടര്‍ന്ന് രാജിവയ്ക്കേണ്ടിവന്നു. പക്ഷേ, തൊട്ടുപിന്നാലെ കേരള മുഖ്യമന്ത്രിപദത്തിലേറാന്‍ തയ്യാറായി. അതിന് തിരുവനന്തപുരത്തേക്കു വന്നത് 16 ലക്ഷം രൂപ ചെലവില്‍ പ്രത്യേക വിമാനത്തില്‍. അത് ഏറ്റവും വലിയ മറ്റൊരു ധൂര്‍ത്ത്.

ഇന്ദിരാഗാന്ധിക്ക് ചിക്കമംഗ്ളൂരില്‍ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിപദം രാജിവച്ച ആന്റണി അധികം കഴിയുംമുമ്പേ, ഇന്ദിരഗാന്ധിയില്‍ത്തന്നെ അഭയംതേടുകയും അവരുടെ പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുകയും ചെയ്ത് 'ആദര്‍ശധീരത' പ്രകടിപ്പിച്ചു. പൂച്ചസന്ന്യാസിയുടെ ആദര്‍ശ മുഖംമൂടി എന്നെന്നും നിലനില്‍ക്കുമെന്നു വ്യാമോഹിക്കരുത്- വി എസ് തുടര്‍ന്നു.


2001 മുതല്‍ 2006 വരെയുള്ള ആന്റണി-ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളുടെ ഭരണം തീവെട്ടിക്കൊള്ളയുടെ കാലമായിരുന്നു. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന വ്യാപകമായ ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ല. മതികെട്ടാനില്‍ മാത്രം നടപടിയെടുക്കാതെ നിവൃത്തിയില്ലാതെവന്നു. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് മന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു ചന്ദനക്കൊള്ള. ഐസ്ക്രീം കേസിന്റെ അന്വേഷണം ശരിയായ നിലയില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാനുള്ള അധികാരവും ബാധ്യതയും മുഖ്യമന്ത്രിക്കുണ്ടെന്ന് വി എസ് പറഞ്ഞു.


ആന്റണിയുടേത് കപട ആദര്‍ശം: വിഎസ്


കപട ആദര്‍ശവാദിയാണ് എ കെ ആന്റണിയെന്ന് എറണാകുളം പ്രസ്ക്ളബില്‍ മുഖാമുഖത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആദര്‍ശധീരനായി അറിയപ്പെടുന്ന ആന്റണിയുടെ വകുപ്പിലാണ് കാര്‍ഗില്‍ രക്തസാക്ഷികളുടെ പേരില്‍ ആദര്‍ശ് അഴിമതി നടത്തിയത്. അനീതിക്കും അഴിമതിക്കും മുന്നില്‍ പാറപോലെ ഉറച്ചു നില്‍ക്കുന്നതാണ് ആന്റണിയുടെ ആദര്‍ശം. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ രാജിവെച്ച് ഇനി മല്‍സരിക്കാനില്ല, ജനങ്ങള്‍ക്കൊപ്പം കഴിയുകയാണെന്നു പ്രഖ്യാപിച്ച ആന്റണി പിന്നെ കേരളത്തിലേക്കുവന്നത് കേന്ദ്രമന്ത്രിയായാണ്.

ആന്റണി ഭക്ഷ്യമന്ത്രിയായിരിക്കെയാണ് പഞ്ചസാര കുംഭകോണം നടന്നത്. സ്വന്തംവകുപ്പില്‍ നടന്ന തീവെട്ടിക്കൊള്ളകള്‍ക്ക് ആന്റണി നാടിനോട് മാപ്പു പറയണം. കേരളത്തില്‍ സുനാമിഫണ്ട് പൂര്‍ണ്ണമായും ചെലവഴിച്ച കാര്യം മറച്ചുവെച്ച് സോണിയ ഫണ്ട് ചെലവഴിച്ചില്ലെന്ന കാര്യം പറഞ്ഞ് കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഫണ്ട് വകമാറ്റിയ കാര്യമാണ് സോണിയ ഉദ്ദേശിച്ചത്. കേരളത്തില്‍ ചില പത്രങ്ങള്‍ ക്വട്ടേഷന്‍ സംഘത്തിന്റെ പണിയാണ് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് തങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്കായി ക്വട്ടേഷന്‍ പണി നടത്തുന്ന ഈ പത്രങ്ങളെ ജനങ്ങള്‍ പുച്ഛിക്കും. നിയമസഭാതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഈ പത്രമുതലാളിമാര്‍ വിഷം കഴിച്ചു മരിച്ചേക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അഞ്ചു കൊല്ലത്തെ ഭരണനേട്ടങ്ങള്‍ സ്വന്തം കണ്ണുകൊണ്ട് കണ്ട ജനങ്ങളാണ് ഇത്തവണ വോട്ടുചെയ്യുന്നത്.

മാണിയുടെ കാലത്ത് അയ്യായിരം ഏക്കര്‍ സ്വന്തക്കാര്‍ക്ക് പതിച്ചുകൊടുത്തു. ചിലമന്ത്രിമാരുടെ ഒത്താശയോടെ വനത്തില്‍ നിന്നും ചന്ദനം മുറിച്ചു കടത്തി. ചന്ദനത്തിന്റെ ഗന്ധമുള്ള കാശുകിട്ടിയപ്പോഴാണ് ചിലര്‍ പെകുട്ടികളെ തേടിപോയത്. മുതിര്‍ന്ന അഭിഭാഷകന്റെ ഉപദേശപ്രകാരമാണ് ഐസ്ക്രീംപാര്‍ലര്‍ കേസില്‍ ഇടപെട്ടത്. കേസ് നന്നായി നടക്കണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് ആവശ്യമായ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. അതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments

MANY RIVALS JOINED HANDS
( LAND MAFIA LOTTERY MAFIA SAND MAFIA
CORRUPTED POLITICIANS
MEDIA SYNDICATE
RELIGIOUS LEADERS )

AGINST ONE& ONLY ONE "LDF" LEAD BY "VS"
"LAAL salam"