തൃശൂർ > ഇനി തൃശൂരിന്റെ അടുക്കളകളിലേക്കും കുറഞ്ഞ ചെലവിൽ പ്രകൃതി വാതകമെത്തും. ചൊവ്വന്നൂർ ഗ്രാമത്തിലും കുന്നംകുളം നഗരസഭയിലുമാണ് ജില്ലയിൽ ആദ്യം പ്രകൃതി വാതകം എത്തുക. വിലക്കുറവിനൊപ്പം പ്രകൃതി സൗഹൃദവുമാണ് വാതകം. സ്ഥലം ഏറ്റെടുപ്പുകൾ പൂർത്തീകരിച്ച് പദ്ധതി യാഥാർഥ്യമാക്കാൻ കടമ്പകളേറെയായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിൽ തടസ്സങ്ങളെല്ലാം പരിഹരിച്ചതോടെ വികസനക്കുതിപ്പിൽ നാഴികക്കല്ലായി. കൊച്ചി –മംഗലാപുരം പൈപ്പ്ലൈൻ കമീഷൻ ചെയ്തതോടെ പ്രകൃതിവാതകം ജില്ലയിലെ പ്രധാന ലൈനിലൂടെയും കടന്നുപോയിത്തുടങ്ങി. ഈ ലൈനിൽനിന്ന് പ്രത്യേക സ്റ്റേഷനുകളിലേക്കും തുടർന്ന് വീടുകളിലേക്കും വാതകം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈനിടൽ പൂരോഗമിക്കുകയാണ്. മാളയിലെ മടത്തുംപടിമുതൽ ചാലിശേരിവരെ ജില്ലയിൽ 31 വില്ലേജുകളിലൂടെയാണ് ഗെയിൽ പൈപ്പ് ലൈൻ കടന്നുപോവുന്നത്. പൂമംഗലം, കാറളം, അന്നകര, ചൊവ്വന്നൂർ എന്നിവിടങ്ങളിൽ സബ്സ്റ്റേഷനുകളുടെ നിർമാണവും പൂർത്തീകരിച്ചു. വീടുകളിലേക്കുള്ള വിതരണത്തിന് പൈപ്പ്ലൈൻ ജോലി അദാനി ഗ്രൂപ്പിനെയാണ് പെട്രോളിയം മന്ത്രാലയത്തിനു കീഴിലുള്ള പിഎൻജിആർ ബോർഡ് ഏൽപ്പിച്ചിട്ടുള്ളത്. ആദ്യഘട്ടമായി ചൊവ്വന്നൂരിൽ സിറ്റി ഗ്യാസ് സ്റ്റേഷൻ നിർമാണം പുരോഗമിക്കുകയാണ്. ചൊവ്വന്നൂർമുതൽ ഗുരുവായൂർവരെയും കടവല്ലൂർമുതൽ കൈപ്പറമ്പുവരെയും പൈപ്പ്ലൈനിടൽ പൂർത്തിയായതായി അധികൃതർ പറഞ്ഞു. കുന്നംകുളം നഗരസഭയിലെയും ചൊവ്വന്നൂർ പഞ്ചായത്തിലേയും വീടുകളിൽ ജൂൺ മാസത്തോടെ വാതകം എത്തിക്കാനാവും. തുടർന്ന് ഗുരുവായൂർ, ചാവക്കാട് നഗരസഭയിലേക്കും കോർപറേഷനിലേക്കും എത്തിക്കും. ഇതോടൊപ്പം ജില്ലയിൽ ആറിടത്ത് സിഎൻജി സ്റ്റേഷനുകളും തുറന്നിട്ടുണ്ട്.5751 കോടി രൂപ ചെലവിലാണ് ഗെയിൽ പദ്ധതി പൂർത്തീകരിച്ചത്. 510 കിലോമീറ്ററാണ് പൈപ്പ്ലൈൻ കേരളത്തിലൂടെ കടന്നുപോവുന്നത്. ഇതിൽ 470 കിലോമീറ്ററും പിണറായി സർക്കാരിന്റെ കാലത്താണ് സ്ഥാപിച്ചത്. മതിയായ നഷ്ടപരിഹാരം ഉറപ്പാക്കി ജനങ്ങളുടെ ആശങ്ക പരിഹരിച്ചാണ് സർക്കാർ മുന്നോട്ടുപോയത്.
