കഴിഞ്ഞ തവണ കൂത്തുപറമ്പിൽനിന്നു വിജയിച്ച് പിണറായി വിജയൻ സർക്കാരിൽ ആരോഗ്യ–- സാമൂഹ്യനീതി–- വനിതാ ശിശുവികസന മന്ത്രിയായ കെ കെ ശൈലജ ഇക്കുറി മട്ടന്നൂർ മണ്ഡലത്തിലാണ് ജനവിധി തേടുന്നത്. നിപായെയും കോവിഡ് മഹാമാരിയെയും പ്രതിരോധിക്കുന്നതിലുൾപ്പെടെ പ്രകടിപ്പിച്ച മികവാർന്ന ഭരണപാടവത്തിനൊപ്പം ഈ ആത്മാർഥതകൊണ്ടുകൂടിയാണ് കെ കെ ശൈലജ നാടിന്റെയാകെ സ്നേഹഭാജനമായത്; ഐക്യരാഷ്ട്രസഭയുടെ വരെയുള്ള കീർത്തികേട്ട അംഗീകാരമുദ്രകളും പുരസ്കാരങ്ങളും അവരെ തേടിയെത്തിയത്.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു.
ഇരിട്ടി മാടത്തിലെ കുണ്ടന്റെയും കെ കെ ശാന്തയുടെയും മകളായി ജനിച്ച ശൈലജ വിദ്യാർഥി–- യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ശിവപുരം ഹൈസ്കൂളിൽ ശാസ്ത്രാധ്യാപികയായിരുന്നു. മുഴുവൻസമയ രാഷ്ട്രീയപ്രവർത്തനത്തിനായി സ്വയം വിരമിച്ചു.
1996ൽ കൂത്തുപറമ്പിൽനിന്ന് വൻ ഭൂരിപക്ഷത്തോടെ ആദ്യമായി നിയമസഭയിലെത്തിയ കെ കെ ശൈലജ, 2006ൽ പേരാവൂർ മണ്ഡലത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടു.2016ൽ കൂത്തുപറമ്പ് മണ്ഡലം യുഡിഎഫിൽനിന്ന് തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണ് ഏറ്റെടുത്തത്. 12,291 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടാനായി.
[poll id="2993"]