ഒരു കമ്മ്യൂണിസ്റ്റുകാരൻ ജലത്തിൽ മത്സ്യമെന്ന പോലെയാകണമെന്നത് സ. മാവോയുടെ വാക്കുകളാണ്. സ. സ്റ്റീഫനെ പോലുള്ളവരിലൂടെയാണ് ആ വാക്കുകൾക്ക് ജീവൻ കൈവരുന്നത്
സി പി ഐ ( എം ) കാട്ടാക്കട ഏര്യാ കമ്മിറ്റിയുടെ അമരക്കാരനായ സ. ജി. സ്റ്റീഫൻ പാർട്ടി ഏൽപ്പിക്കുന്ന വലിയൊരു ഉത്തരവാദിത്വം കൂടി ഏറ്റെടുക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിയായി പാർട്ടി സഖാവിനെ പരിഗണിക്കുമ്പോൾ, അത് ഈ പാർട്ടിക്ക് മാത്രം കഴിയുന്ന ഒരു വിപ്ലവമായി മാറുന്നതും സഖാവിനെ അറിയുന്നവർക്ക് അത് അർഹതയ്ക്കുള്ള അംഗീകാരമായി തോന്നുന്നതും ആ സഖാവിന്റെ പോരാട്ടങ്ങളുടെ നേർക്കാഴ്ച കൊണ്ടു തന്നെയാണ്..!!
അക്ഷരാർത്ഥത്തിൽ ഈ പാർട്ടിയുടെ നേരവകാശിയാണു സ: സ്റ്റീഫൻ. ആറാം വയസ്സിൽ അമ്മയും ഒമ്പതാം വയസ്സിൽ അച്ഛനും നഷ്ടപ്പെട്ട് അനാഥനായിപ്പോയ ആ ഒമ്പത് വയസ്സുകാരൻ പിന്നീട് കാട്ടാക്കടയിലെ പാർട്ടിയുടെ മകനായി മാറുകയായിരുന്നു. താമസവും ഭക്ഷണവും ഉറക്കവുമെല്ലാം ബന്ധു വീടുകളിലും പാർട്ടി ഓഫീസിലും, അടുത്ത ബന്ധുക്കളായി സഖാക്കളും ഓഫീസ് ചുമരിലെ സ: ലെനിൻ മുതൽ എ കെ ജി വരെയുള്ളവരുടെ ചിത്രങ്ങളും. ഒമ്പതാം വയസിൽ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി പകച്ചു നിന്ന ആ ബാലന് താങ്ങും തണലും ജീവിതവഴിയിലെ വെളിച്ചവുമായി പാർട്ടി മാറുകയായിരുന്നു. അതുകൊണ്ട് തന്നെ താൻ അനാഥനാണെന്ന തോന്നൽ സ: സ്റ്റീഫനു ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. അങ്ങനെ തോന്നാൻ സ്റ്റീഫനെ പാർട്ടി അനുവദിച്ചിട്ടുമില്ല.
ബാലസംഘത്തിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ സ. സ്റ്റീഫന് വയസ്സ് പതിനാല്, തുടർന്ന് ബാലസംഘം കാട്ടാക്കട ഏര്യാ പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, കാട്ടാക്കട കുളത്തുമ്മൽ സ്കൂളിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി, കാട്ടാക്കട ഏര്യാ സെക്രട്ടറി, ഏര്യാ പ്രസിഡന്റ് എന്നിങ്ങനെ സംഘടനാ പ്രവർത്തനങ്ങൾ മുന്നോട്ടുപോയി. പഠനം അപ്പോഴേക്കും കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എത്തിയിരുന്നു. സ. സ്റ്റീഫൻ ആദ്യമായി തെരഞ്ഞെടുപ്പ് നേരിട്ടത് ആ കാലത്തായിരുന്നു. കെ എസ് യു വിന്റെ കുത്തകയായിരുന്ന കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി സഖാവ് വിജയിച്ച് കയറുമ്പോൾ സ്റ്റീഫനെ അറിയുന്ന ആർക്കും അതിൽ അത്ഭുതമൊന്നും തോന്നിയില്ല.