ഉറപ്പോടെ പാലാരിവട്ടം: പുനര്‍നിര്‍മിച്ച പാലം നാടിന് സമര്‍പ്പിച്ചു

ഉറപ്പോടെ പാലാരിവട്ടം: പുനര്‍നിര്‍മിച്ച പാലം നാടിന് സമര്‍പ്പിച്ചു

കൊച്ചി: പുനര്‍നിര്‍മിച്ച പാലാരിവട്ടം പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. തകരാറിലായ പാലത്തില്‍ ചെന്നൈ ഐഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2019 മേയ് 1 മുതല്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ വൈകിട്ട് 4ന് ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയറാണ് പാലം തുറന്നു നല്‍കിയത്. നേരത്തേ മന്ത്രി ജി.സുധാകരനും ഉന്നത ഉദ്യോഗസ്ഥരും പാലം സന്ദര്‍ശിച്ചിരുന്നു.

തകരാറിലായ ഗര്‍ഡറുകളും പിയര്‍ ക്യാമ്പുകളും പൊളിച്ചു പുതിയവ നിര്‍മിച്ചു. തൂണുകള്‍ ബലപ്പെടുത്തി. റെക്കോര്‍ഡ് സമയം കൊണ്ടാണു പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയായത്. 100 വര്‍ഷത്തെ ഈട് ഉറപ്പാക്കിയാണു പാലം ഗതാഗതത്തിനു തുറന്നു നല്‍കുന്നതെന്നു മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. 5 മാസവും 10 ദിവസവുമെടുത്താണ് ഡിഎംആര്‍സിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് പാലം പുനര്‍നിര്‍മ്മിച്ചത്.

മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയക്കളി; കസ്റ്റംസ് ഓഫീസുകളിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്

മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയക്കളി; കസ്റ്റംസ് ഓഫീസുകളിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്

തിരുവനന്തപുരം > നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്ച  തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ  കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും.

ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ്  ഏറ്റെടുത്തിരിക്കുകയാണ്. എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് മ്ലേഛമായ ഈ നീക്കം കസ്റ്റംസ് നടത്തുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.

വാക്‌സിനേഷന്‍: തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍; മാര്‍ച്ച് 9ന് 21 ലക്ഷം ഡോസ് എത്തും

വാക്‌സിനേഷന്‍: തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍; മാര്‍ച്ച് 9ന് 21 ലക്ഷം ഡോസ് എത്തും

തിരുവനന്തപുരം > കേരളത്തിലെ വാക്സിന്‍ വിതരണം സുഗമമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും കോവിഡ് വാക്സിനേഷന്‍ നല്‍കി വരികയാണ്. സംസ്ഥാനത്ത് ഇന്നലെവരെ 3,47,801 ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 1,31,143 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 91,916 മുന്നണി പോരാളികള്‍ക്കും 1,14,243 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 30,061 അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും വാക്സിന്‍ നല്‍കിയിട്ടുണ്ട്.

ആരും തിരക്ക് കൂട്ടേണ്ട കാര്യമില്ല. സംസ്ഥാനത്ത് നിലവില്‍ വാക്സിന്‍ സ്റ്റോക്കുണ്ട്. ഇതുകൂടാതെ മാര്‍ച്ച് 9ന് 21 ലക്ഷം ഡോസ് വാക്സിനുകള്‍ എത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കഴിവതും കോ വിന്‍ വെബ് സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് കേന്ദ്രത്തിലെത്തിയാല്‍ തിരക്ക് ഒഴിവാക്കാനാകും.

കഴിഞ്ഞ ദിവസങ്ങളിലായി വാക്സിന്‍ എടുക്കാന്‍ പല കേന്ദ്രങ്ങളിലും തിരക്ക് ഉണ്ടായിട്ടുണ്ട്. ഇത് വിപരീത ഫലമുണ്ടാക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനം സ്വീകരിക്കുന്ന കോവിഡ് പ്രതിരോധ നിയന്ത്രണ നടപടികളെ ഈ തിരക്ക് തടസപ്പെടുത്തുകയും ചെയ്യും. കോ വിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും മിക്ക ജില്ലകളിലും ബുക്കിംഗിനായി ഓണ്‍ലൈന്‍ സ്ലോട്ടുകള്‍ ലഭ്യമല്ലെന്നും പരാതിയുയര്‍ന്നു. ഇത് പരിഹരിക്കാനായി ആരോഗ്യ വകുപ്പ് ഇടപെട്ടിട്ടുണ്ട്. കോ വിന്‍ സൈറ്റില്‍ രജിസ്ട്രേഷന്‍ സുഗമമാക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ കേന്ദ്രത്തിലേയും സെഷനുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും കോ വിന്‍ സൈറ്റില്‍ അടുത്ത 15 ദിവസത്തേക്കുള്ള സെഷനുകള്‍ സൃഷ്ടിക്കുകയും ചെയ്യും. എല്ലാ ജില്ലകളും സംസ്ഥാനവുമായി ആശയവിനിമയം നടത്തി അടുത്ത ദിവസത്തേക്കുള്ള കോവിഡ് വാക്സിന്‍ കേന്ദ്രങ്ങളുടെ ലിസ്റ്റ് കൈമാറുന്നതാണ്. ഓരോ കേന്ദ്രങ്ങളിലേയും സെഷനുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ദിനംപ്രതി അച്ചടി, സോഷ്യല്‍ മീഡിയ വഴി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ടെന്ന് ജില്ലകള്‍ ഉറപ്പുവരുത്തും. പ്രാദേശിക ആവശ്യകത വിലയിരുത്തിയ ശേഷം ജില്ലകള്‍ ആവശ്യമായ മാറ്റം വരുത്തുന്നതാണ്.

തിരക്ക് കുറയ്ക്കുന്നതിന് സ്പോട്ട് രജിസ്ട്രേഷനില്‍ ടോക്കണ്‍ സംവിധാനം നടപ്പിലാക്കും. സ്പോട്ട് രജിസ്ട്രേഷന്‍ ഉച്ചയ്ക്ക് മുമ്പ് 50 ശതമാനമായും ഉച്ച കഴിഞ്ഞ് 50 ശതമാനമായും വിഭജിക്കും. ഓണ്‍ലൈന്‍ അപ്പോയ്മെന്റ് എടുത്ത് വരുന്നവര്‍ക്കും നേരിട്ട് വരുന്നവര്‍ക്കും പ്രത്യേകമായി നിശ്ചിത എണ്ണം അനുവദിക്കും. നേരിട്ട് വരുന്നവര്‍ക്ക് തിരക്ക് ഒഴിവാക്കാന്‍ ടോക്കണ്‍ അനുവദിക്കും. ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് എടുത്ത ഒരു ഗുണഭോക്താവിനെ ഒരിക്കലും വാക്സിനേഷന്‍ കേന്ദ്രത്തില്‍ ടോക്കണ്‍ എടുക്കാന്‍ ആവശ്യപ്പെടരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രോഗികളുടെ എണ്ണത്തിൽ 30 ശതമാനം കുറവ്‌ ; വിമുഖത കൂടാതെ കോവാക്സിനും സ്വീകരിക്കാൻ ജനം തയ്യാറാകണം : മുഖ്യമന്ത്രി

രോഗികളുടെ എണ്ണത്തിൽ 30 ശതമാനം കുറവ്‌ ; വിമുഖത കൂടാതെ കോവാക്സിനും സ്വീകരിക്കാൻ ജനം തയ്യാറാകണം : മുഖ്യമന്ത്രി

തിരുവനന്തപുരം
ഒരു മാസത്തിനിടെ സംസ്ഥാനത്തെ കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ 30 ശതമാനം കുറവുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം  13 ശതമാനത്തിന്റെ കുറവുണ്ടായി. 2020 സെപ്‌തംബർ 25ന് ശേഷം ഏറ്റവും കുറവ്‌ പേർ ചികിത്സയിലുള്ള സമയമാണിത്.

വിമുഖത കൂടാതെ കോവാക്സിനും സ്വീകരിക്കാൻ ജനം തയ്യാറാകണം. ഐസിഎംആറിന്റെ സഹായത്തോടെ ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിനുമായി ബന്ധപ്പെട്ട് ചില സംശയം ജനങ്ങൾക്കിടയിലുണ്ട്‌. അതിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലം ലഭിക്കാൻ ഉണ്ടായ കാലതാമസത്തിന്റെ ഭാഗമായി വാക്സിനെടുക്കാൻ ജനങ്ങൾക്കിടയിൽ അൽപ്പം വിമുഖതയുണ്ടായിരുന്നു. എന്നാൽ മൂന്നാംഘട്ട പരീക്ഷണ ഫലങ്ങളുടെ ഇടക്കാല റിസൾട്ട് ഐസിഎംആർ പുറത്തുവിട്ടിട്ടുണ്ട്. അതനുസരിച്ച് 81 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന്‌ കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.